വിഴിഞ്ഞം: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് സഹോദരങ്ങൾ ഉൾപ്പെട്ട നാലംഗസംഘം സുഹൃത്തുക്കളുമായി തമ്മിലടിച്ചു. സംഘർഷം കനത്തതോടെ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. വെങ്ങാനൂർ സ്വദേശി വിഷ്ണു, വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശി ആസിഫ്, സുഹൈബ് എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ മടവൂർപ്പാറ തിട്ടവേലി സ്വദേശി അഭിഷേക് (19), നെല്ലിവിള വവ്വാമൂല തേരിവിളയിൽ ജിഷോർ(22) എന്നിവരാണ് അറസ്റ്റിലായത്. കിഷോർ, സാജൻ എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 11.50 – ഓടെ വവ്വാമൂല കായലിന് സമീപത്തായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. മുൻ വൈരാഗ്യത്താൽ തർക്കിച്ച് തുടങ്ങിയ ഇരു സംഘങ്ങളും പരസ്പരം തമ്മിലടിച്ചതിന് പിന്നാലെയാണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണം നടന്നത്.
കിഷോർ കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വിഷ്ണുവിന്‍റെ കാലിൽ വെട്ടുകയായിരുന്നു. ആസിഫിന് കമ്പി കൊണ്ടും മർദ്ദനമേറ്റു. സംഭവത്തിന് പിന്നാലെ വിഴിഞ്ഞം പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.