തിരുവനന്തപുരം കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.
രാവിലെ റോഡിലൂടെ നടന്നുപോയവർ ദുർഗന്ധം എവിടെ നിന്നാണെന്ന് നോക്കിയപ്പോഴാണ് കാറിനുള്ളിൽ ഒരാളെ കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. പരിശോധനകൾക്കൊടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. അതേസമയം, കാറും പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമെ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാകുന്നത്. മൃതദേഹത്തിൽ പാടുകളുണ്ട്. അതിലൊരു വ്യക്തത പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ അറിയാൻ കഴിയൂ.