തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്ര കടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് ആണ് വിഷ്ണുവിന് കുത്തേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. അമ്പലത്തിൻകാല കാഞ്ഞിരവിള ശക്തിവിനായക ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയതായിരുന്നു തലക്കോണം സ്വദേശി വിഷ്ണു. ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനായി ബൈക്കിൽ കയറുമ്പോൾ വിഷ്ണുവിനെ ചിലർ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ആക്രമണം.
അഞ്ചംഗ സംഘമാണ് വിഷുവിനെ കുത്തി പരിക്കേൽപ്പിച്ചത്. ടൈൽസിൻ്റെ കൂർത്ത ഭാഗം കൊണ്ട് കുത്തുകയായിരുന്നു. നെറ്റിയിലും പുറകിലുമാണ് കുത്തേറ്റത്. പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പ്രദേശത്തെ ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.