Kerala News

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ കവർച്ച നടത്തിയ അമ്മയും മകനും അറസ്റ്റിൽ

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ കവർച്ച നടത്തിയ അമ്മയും മകനും അറസ്റ്റിൽ. വർക്കല സ്വദേശി സുബൈദാബീവിയുടെ വീട്ടിൽ ഒരാഴ്ച മുമ്പ് നടന്ന മോഷണക്കേസിലെ പ്രതികളാണ് പിടിയിലായത്. വീട്ടുജോലിക്കാരിയായ കൊല്ലം സ്വദേശി നുഫൈസ ബീവി, മകൻ അൻവർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 24 നായിരുന്നു മോഷണം. പതിനൊന്നരപവനോളം ആഭരണങ്ങളും 55,000 രൂപയുമാണ് നഷ്ടപ്പെട്ടത്. 85 വയസ്സുള്ള സുബൈദബീവിയും ജോലിക്കാരി നുഫൈസാബീവിയും മാത്രമാണ് വീട്ടിൽ താമസം. നുഫൈസാബീവിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്. നുഫൈസ മകൻ അൻവറിൻ്റെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നു. കവർച്ചക്കുശേഷം രാത്രി തന്നെ അൻവർ ചെന്നൈയിലേക്ക് കടന്നു. മോഷണ മുതലുകൾ അടുക്കള ഭാഗത്ത് ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തുടർന്ന് വർക്കല പൊലീസ് മോഷണം നടന്ന വീട്ടിലെത്തി തൊണ്ടിമുതലുകൾ കണ്ടെടുത്തു. അമ്മയെ ഫോണിൽ കിട്ടാതായതോടെ അൻവർ തിരികെ നാട്ടിലെത്തിയപ്പോൾ വർക്കല റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Related Posts

Leave a Reply