തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ വൈദ്യുതി മൂന്ന് മണിക്കൂറോളം തടസപ്പെട്ട സംഭവത്തില്‍ താത്ക്കാലിക ആശ്വാസം. വൈദ്യുതി താത്കാലികമായി പുനസ്ഥാപിച്ചു. അടിയന്തര ഇടപെടലിന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ സംഭവത്തില്‍ ഇടപെട്ടിരുന്നു. രോഗികള്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2 മണിക്കൂറിലേറെ സമയം ഡോക്ടര്‍മാര്‍ രോഗികളെ മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തിലാണ് പരിശോധിച്ചത്. ജനറേറ്റര്‍ തകരാറിലായതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. രണ്ട് മണിക്കൂറായിട്ടും വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിക്കാതെ വന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ രോഷാകുലരായി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും സ്ഥലത്തെത്തി. ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആശുപത്രിയിലുണ്ടെന്നും തങ്ങളുടെ ബന്ധുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് സമാധാനം പറയുമെന്നുമാണ് രോഷാകുലരായ കൂട്ടിരിപ്പുകാര്‍ ചോദിക്കുന്നത്. പൊലീസും രോഗികളുടെ ബന്ധുക്കളും തമ്മില്‍ ആശുപത്രി പരിസരത്ത് വലിയ വാക്കുതര്‍ക്കം നടന്നിരുന്നു.
വൈദ്യുതി മുടങ്ങിയത് സപ്ലൈ തകരാര്‍ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. പിഡബ്ലു ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ് വൈദ്യുതി പുന: സ്ഥാപിക്കാനുള്ള ചുമതല. HT കണക്ഷന്‍ ലൈവാണ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെ എസ് ഇ ബി സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തിയിരുന്നു.