തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ കുടുംബം. മരണത്തിൻ്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛൻ സതീഷ് പറഞ്ഞു. രണ്ടുമാസമായി മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അച്ഛൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
മകളുടെ മരണത്തിൽ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടിൽ വരുമായിരുന്നു. രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. സൈബർ ആക്രമണം അല്ല മകളുടെ മരണത്തിന് കാരണമെന്നും സതീഷ് ആവർത്തിച്ചു. മകൾ മനക്കട്ടിയുള്ള പെൺകുട്ടിയായിരുന്നു. സൈബർ ആക്രമണത്തിൽ തളരില്ല. മകൾ മരിച്ചത് അറിഞ്ഞിട്ടും ബിനോയിയുടെ വീട്ടിൽ നിന്നും ആരും വന്നില്ല. സത്യം പുറത്തുവരണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ കുടുംബം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സ്വദേശിയായ ബിനോയി (21)യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചെന്നാണ് യുവാവ് മൊഴി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നും മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സൈബര്‍ ടീം രൂപീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പുനഃപരിശോധിക്കുകയാണ്. കുട്ടിക്ക് 18 വയസ് തികയും മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിച്ചത്. ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. വ്യക്തിപരമായ ആക്രമണങ്ങളായിരുന്നു മിക്കവയും.
