ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയുള്ള കേസ് മുറുക്കുന്നതിന് പിന്നാലെ അല്ലുവിൻ്റെ ഭാര്യ പിതാവായ ചന്ദ്രശേഖർ റെഡ്ഢി കോൺഗ്രസ് നേതൃത്വത്തെ കണ്ടു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ബി മഹേഷ് കുമാർ ഗൗഡും എ ഐ സി സി നേതാവ് ദീപാദാസ് മുൻഷിയുമാണ് കൂടിക്കാഴ്ച നടത്തിയത്. അല്ലു അർജുനെതിരെയുള്ള നരഹത്യ കേസ് കടുപ്പിച്ചതോടെയാണ് കൂടികാഴ്ച. ടിപിസിസി ആസ്ഥാനമായ ഗാന്ധി ഭവനിൽ ചന്ദ്ര ശേഖർ റെഡ്ഢി നേരിട്ടെത്തി ആയിരുന്നു കൂടികാഴ്ച. മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് റെഡ്ഢി.
കേസിൽ നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസ് പുറത്തുവിട്ടിരുന്നു. അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ പൊലീസിനെ ഡിസംബർ രണ്ടിന് കണ്ടിരുന്നു. എന്നാൽ തിരക്ക് കൈവിട്ടുപോകുമെന്നതിനാൽ പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ അല്ലു അർജുൻ തിയേറ്റർ സന്ദർശനത്തിന് എത്തുകയായിരുന്നു എന്ന് എസിപി രമേശ് പറഞ്ഞു. യുവതി മരിച്ച വിവരം അല്ലു അർജുനെ അറിയിക്കാൻ ചെന്നപ്പോൾ, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നും പൊലീസ് പറഞ്ഞു. ‘സ്ഥിതിഗതികൾ കൈവിട്ടുപോകുകയാണെന്ന് അല്ലുവിനെ അറിയാമായിരുന്നു, എന്നിട്ടും അദ്ദേഹം സിനിമ കാണൽ തുടർന്നു’വെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മരണം താൻ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞത് എന്നായിരുന്നു അല്ലു അർജുൻ മുൻപ് പറഞ്ഞിരുന്നത്.
അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കനത്ത പൊലീസ് കാവലിലാണ് നടൻ തിയേറ്റർ വിടുന്നത്. തിരക്ക് അനിയന്ത്രിതമായതിനാൽ തിരിച്ചുപോകുമ്പോൾ ആരാധകരെ കാണരുതെന്ന് അല്ലുവിനോട് പൊലീസ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ നിർദേശവും നടൻ ലംഘിക്കുകയാണ് ചെയ്തത്. സിനിമാ തീയേറ്ററിൽ നിന്ന് പോലും നടനെ പൊലീസ് നിർബന്ധിച്ചാണ് പുറത്തിറക്കിയത് എന്നും എസിപി പറയുന്നു.
അതേസമയം, അല്ലു അർജുൻ്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീടിന് മുന്നിലേക്കെത്തി ആക്രമണം അഴിച്ചുവിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.