ചെന്നൈ : തമിഴ്നാട്ടിലെ കുംഭകോണത്ത് കോളേജിലെ ശുചിമുറിയിൽ പ്രസവിച്ച് വിദ്യാർഥിനി. പ്രസവിച്ച ഉടനെ നവജാതശിശുവിനെ ശുചിമുറിക്ക് സമീപത്തെ മാലിന്യക്കൂനയിൽ ഒളിപ്പിച്ച ശേഷം വിദ്യാർഥിനി ക്ലാസ്മുറിയിൽ എത്തുകയായിരുന്നു. എന്നാൽ ക്ഷീണം മൂലം അധികം വൈകാതെ തന്നെ പെൺകുട്ടി ക്ലാസ് മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.പിന്നാലെ കോളേജ് അധികൃതർ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അൽപം മുൻപ് പ്രസവം നടന്നതായി വ്യക്തമായത്.
പിന്നാലെ നടത്തിയ പരിശോധനയിൽ മാലിന്യക്കൂനയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.ജനുവരി 31നാണ് കുംഭകോണത്തെ കോളേജിൽ അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കനത്ത രക്തസ്രാവത്തെ തുടർന്നായിരുന്നു വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ തളർന്നുവീണത്. പിന്നാലെ ആംബുലൻസിൽ വിദ്യാർത്ഥിനിയെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ വിദ്യാർത്ഥിനിയും കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
ബന്ധുവായ യുവാവിൽ നിന്നുമാണ് വിദ്യാർത്ഥിനി ഗർഭിണിയായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ കാമുകനെതിരെ പരാതിപ്പെടാൻ വിദ്യാർത്ഥിനി ഇതുവരെ തയ്യാറായിട്ടില്ല. പൊലീസ് യുവാവുമായി ബന്ധപ്പെട്ടപ്പോൾ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്നാണ് ബന്ധുവായ യുവാവ് പ്രതികരിച്ചത്. സംഭവത്തിൽ കുംഭകോണം പൊലീസ് കേസ് എടുത്തു