Kerala News Top News

തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് എഴുതി വച്ച ശേഷം കര്‍ഷകന്‍ വിഷംകഴിച്ചുമരിച്ചു

കുട്ടനാട്ടില്‍ കര്‍ഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ.

പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പെഴുതിയത്. വായ്പാ തിരിച്ചടവ് വൈകിയതോടെ പ്രസാദിന് മറ്റ് വായ്പകള്‍ കിട്ടാതെ വന്നത് കര്‍ഷകനെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടെന്നും ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നുമാണ് വിവരം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പും മരിക്കുന്നതിന് മുന്‍പ് പ്രസാദ് തന്റെ വിഷമങ്ങള്‍ സുഹൃത്തിനോട് വിശദീകരിച്ച് കരയുന്ന ശബ്ദരേഖയും ലഭിച്ചു.

സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തിലും ഫോണ്‍ കാളിലും പ്രസാദ് സൂചിപ്പിക്കുന്നുണ്ട്. പിആര്‍എസ് വായ്പാ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് സിവില്‍ സ്‌കോര്‍ കുറഞ്ഞതാണ് പ്രസാദിന് ബാങ്കുകളില്‍ നിന്ന് മറ്റ് വായ്പകള്‍ നിഷേധിക്കപ്പെട്ടതിന് കാരണമായത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ല് കൊടുത്തതിന്റെ വിലയാണ് പിആര്‍എസ് ലോണെടുത്തത് ആയതെന്ന് കര്‍ഷകന്റെ കുറിപ്പില്‍ പറയുന്നു. ഇത് പലിശസഹിതം കൊടുത്തുതീര്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും തന്റെ മരണത്തിന് തൊട്ടുമുന്‍പ് കര്‍ഷകന്‍ എഴുതിവച്ചിരുന്നു.

Related Posts

Leave a Reply