രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകൾ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞതാണ്. എന്നാൽ ഇപ്പോൾ ഓരോ ദിവസവും തക്കാളി വില കുത്തനെ ഇടിയുകയാണ്. എം.ജി.ആർ. മാർക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെയായതായി എന്നാണ് അധികൃതർ പറഞ്ഞു. അതേസമയം, ഈ കഴിഞ്ഞ ആഴ്ച്ച ബെംഗളൂരുവിൽ തക്കാളി വില കിലോയ്ക്ക് 30 രൂപ മുതൽ 35 രൂപ വരെയായിരുന്നു. അയൽരാജ്യമായ നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്തതാണ് പ്രധാനമായും വിലയിടിവിന് കാരണമായി പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള ഡിമാൻഡ് ഇടിഞ്ഞതും ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു. മൊത്തവില കിലോഗ്രാമിന് 5 രൂപ മുതൽ 10 രൂപ വരെ വരെ കുറഞ്ഞേക്കാമെന്ന് കഴിഞ്ഞ ആഴ്ച്ച വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതുപോലെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
