India News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം. വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇത്തരമൊരു ആവശ്യവുമായി എന്തുകൊണ്ട് കഴിഞ്ഞയാഴ്ച്ച സമീപിച്ചില്ലെന്ന് കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കുള്ള നിര്‍ദേശം ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് അഭിഭാഷകന്‍ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ തനിക്ക് പിഇടി -സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജുണ്‍ ഒന്നു വരെ ഇടക്കാലം ജാമ്യം ലഭിച്ച കെജ്‌രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. മാക്‌സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിന് കോടതിയുടെ ‘പ്രത്യേക ചികിത്സ’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി വിമര്‍ശനം. അതിനിടെ ജൂണ്‍ ഒന്നിന് ഇന്‍ഡ്യാ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. മുന്നണിയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്നാല്‍ കെജ്‌രിവാള്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. 21 ദിവസത്തേക്കായിരുന്നു ജാമ്യം അനുവദിച്ചത്.

Related Posts

Leave a Reply