ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട്-സ്കോട്ലൻഡ് മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് മഴ വില്ലനായി എത്തിയത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 6.2 ഓവറിൽ 51/0 എന്ന സ്കോറിൽ നിൽക്കവെയാണ് മഴ ആദ്യം വില്ലനായത്. ഓപ്പണര്‍മാരായ ജോര്‍ജ് മുന്‍സി (31 പന്തില്‍ 41*), മൈക്കിള്‍ ജോണ്‍സ് (30 പന്തില്‍ 45*) എന്നിവര്‍ മികച്ച മുന്നേറ്റവുമായി ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്.
തുടർന്ന് 10 ഓവറാക്കി ചുരുക്കിയ കളിയിൽ സ്കോട്ലൻഡ് വിക്കറ്റ് നഷ്ടം കൂടാതെ 90 റൺസ് നേടി. ഡക്ക് വർത്ത് ലൂയിസ് (ഡിഎൽഎസ്) നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 10 ഓവറിൽ 109 റൺസായി മാറി. എന്നാൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങും മുൻപേ മഴ വീണ്ടും വില്ലനായതോടെ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
