കണ്ണൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ 19-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെറിയ പരിക്കുകള്‍ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പുതുച്ചേരി-മംഗളൂരു ട്രെയിനിലാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്കായിരുന്നു യാത്ര. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബിസ്‌ക്കറ്റും മറ്റും വാങ്ങാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി.
സാധനങ്ങള്‍ വാങ്ങുന്നതിനിടെ ട്രെയിന്‍ എടുത്തു. ഇതുകണ്ട പെണ്‍കുട്ടി സാധനങ്ങളെല്ലാം കടയില്‍വെച്ച് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ച പെണ്‍കുട്ടി മറ്റൊരു ട്രെയിനില്‍ മംഗളൂരുവിലേക്കുള്ള യാത്ര തുടര്‍ന്നു.