Kerala News

ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നതോടെ പൊലീസ് സേനയില്‍ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നതോടെ പൊലീസ് സേനയില്‍ അതൃപ്തി പുകയുന്നു. പൊലീസ് ജോലി മടുത്ത് സ്വയം വിരമിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെ തല്‍ക്കാലം കൂടുതല്‍ പേര്‍ക്ക് സ്വയം വിരമിക്കലിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. വിശ്രമമില്ലാത്ത ജോലിയാണ് സേനയില്‍ അതൃപ്തി പുകയാന്‍ പ്രധാന കാരണം. മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തിലും പ്രതിഷേധമുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. ജോലി സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായ ഡ്യൂട്ടി മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.

ജോലി സമ്മര്‍ദ്ദം കൂടിയതോടെ സ്വയം വിരമിക്കുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 148 പേരാണ് പൊലീസ് സേനയോട് ‘ബൈ’ പറഞ്ഞത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ 165 പൊലീസ് ഉദ്യോഗസ്ഥരാണ് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെ സ്വയം വിരമിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആഭ്യന്തര വകുപ്പ്. നേരത്തെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേര്‍ പൊലീസ് സേനയുടെ ഭാഗമായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമുണ്ട്. സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ പലര്‍ക്കും ജോലി മടുത്തു. പുതുതായി പൊലീസ് സേനയിലേക്കുള്ള പ്രൊഫഷനലുകളുടെ വരവും കുറഞ്ഞു.

ആള്‍ക്ഷാമമാണ് പൊലീസ് സേനയില്‍ ജോലിഭാരം കൂടാന്‍ കാരണം. 118 പേര്‍ വേണ്ടിടത്ത് ശരാശരി 44 പൊലീസുകാര്‍ മാത്രമാണ് നിലവിലുള്ളത്. ഇതുമൂലം വാരാന്ത്യ അവധി പോലും ലഭിക്കാത്ത അവസ്ഥയാണ്. ആത്മഹത്യയില്‍ നിന്ന് രക്ഷ നേടാന്‍ സ്വയം വിരമിക്കലിനുപുറമെ തസ്തിക മാറ്റവും വര്‍ദ്ധിച്ചു. ഇതിനുപുറമെ ദീര്‍ഘാവധിയും. ഒരു മാസത്തിനിടെ നാല് പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇത്തരം ആത്മഹത്യകളെ കുടുംബപ്രശ്‌നം എന്ന വാക്കിലൊതുക്കി നിര്‍വഹിക്കുകയാണ് അധികൃതര്‍. മിക്കപ്പോഴും വീക്ക്ലി ഓഫ് പോലും കിട്ടാത്ത സാഹചര്യമാണ്. ഒരു ദിവസം എട്ട് മണിക്കൂര്‍ ജോലി എന്നത് കടലാസ്സില്‍ മാത്രം.

18,929 അധിക തസ്തികകള്‍ വേണമെന്ന് 2017ല്‍ ഡിജിപി സര്‍ക്കാറിന് റിപ്പോര്‍ട്ട് ല്‍കിയിരുന്നു. എന്നാല്‍, ഏഴ് വര്‍ഷമായിട്ടും ഈ റിപ്പോര്‍ട്ടില്‍ നടപടിയില്ല. 400 പേര്‍ക്ക് ഒരു പൊലീസുകാരന്‍ എന്നാണ് അന്താരാഷ്ട്ര നിലവാരം. എന്നാല്‍, കേരളത്തില്‍ ഇത് 656 പേര്‍ക്ക് ഒന്ന് എന്നാണ് കണക്ക്.

Related Posts

Leave a Reply