Kerala News

ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന റിമാന്‍ഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്.

കൊല്ലം: ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന റിമാന്‍ഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന് കാട്ടിയുള്ള പ്രതിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ട്രെയിന്‍ യാത്രക്കാരിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതിയില്‍ പിടിയിലായ ആര്‍ എസ് ജ്യോതി(38) ആണ് കോടതിയെ സമീപിച്ചത്. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ജ്യോതി.

കൊല്ലം റെയില്‍വേ പൊലീസായിരുന്നു ജ്യോതിയെ പിടികൂടിയത്. റിമാന്‍ഡില്‍ കഴിയവെ അധികൃതര്‍ മുടി വെട്ടാന്‍ ശ്രമിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ജ്യോതിയുടെ നീട്ടിവളര്‍ത്തിയ മുടി വെട്ടാന്‍ ചൊവ്വാഴ്ച കൊല്ലം ജില്ലാ ജയില്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ വഴി ഇയാള്‍ കോടതിയെ സമീപിച്ചത്. തമിഴ്‌സിനിമയില്‍ വില്ലന്‍ വേഷം ചെയ്യേണ്ടതിനാല്‍ മുടി വെട്ടരുതെന്നായിരുന്നു ആവശ്യം.

ജയില്‍ മാന്വല്‍ ചൂണ്ടിക്കാട്ടി മുടി വെട്ടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജ്യോതിക്ക് വേണ്ടി അഭിഭാഷകരായ വേണു ജെ പിള്ള, വൈശാഖ് വി നായര്‍, എസ് ശ്രീജിത്ത് എന്നിവരാണ് ഹാജരായത്.

Related Posts

Leave a Reply