Kerala News

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ച് വർഷത്തിന് ശേഷം ബംഗാളിൽ പോയി പിടികൂടി കേരള പൊലീസ്

കൊച്ചി: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ച് വർഷത്തിന് ശേഷം ബംഗാളിൽ പോയി പിടികൂടി കേരള പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ സഹിൻ അക്തർ മൊല്ലയെ ആണ് കേരള പൊലീസ് ബംഗാളിൽ എത്തി പിടികൂടിയത്. ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ ബംഗാളിലെത്തി പിടികൂടിയത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ മണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഹിൻ.

2019 മാർച്ചിലാണ് കൊലപാതകം നടന്നത്. മട്ടാഞ്ചേരിയിൽ മറ്റു തൊഴിലാളികൾക്ക് ഒപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന മണിയെ അവശനിലയിൽ കണ്ടെത്തിയിരുന്നു. മണിക്ക് വൈദ്യുതി ആഘാതം ഉണ്ടായെന്നായിരുന്നു സഹിൻ അന്ന് സഹവാസികളോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു. മണിക്ക് മർദനമേറ്റതായും നട്ടെല്ലിൽ ഉൾപ്പടെ പരിക്ക് സംഭവിച്ചതായും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സത്യം പുറത്ത് വരുന്നത്. സഹിനും മണിയും തമ്മിൽ തർക്കം ഉണ്ടായെന്നും ഇതിന് പിന്നാലെ സഹിൻ മണിയെ ക്രൂരമായി മർദ്ദിച്ചെന്നും കണ്ടെത്തി. നട്ടെല്ലിന് ശക്തമായ ചവിട്ടിയതിന് പിന്നാലെയാണ് മണി മരിച്ചതെന്നും കണ്ടെത്തി. കുറ്റം ചെയ്തതായി കണ്ടെത്തിയിതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളെ തേടി ഇയാളുടെ സ്വദേശമായ മുർഷിദാബാദിൽ എത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. 2023ൽ ഇയാളുടെ ഒളിതാവളം കണ്ടെത്തിയിരുന്നു എന്നിട്ടും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

മട്ടാഞ്ചേരി എസിപി പി ബി കിരണിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബംഗാൾ- ബംഗ്ലാദേശ് അതിർത്തിയിലുള്ള പത്മ നദിയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബൈക്കിലെത്തി ഇടിച്ച് വീഴത്തി പിടികൂടിയത്. എഎസ്ഐ ഓസ്റ്റിൻ റോക്കി, സീനിയർ സിപിഒ കെ സി മഹേഷ്, എൻഎസ്ജി കമാൻഡോ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിപിഒ സജിത്ത് സുധാകരൻ എന്നിവരാണ് ജാലങ്കിയിലെത്തി പ്രതിയെ പിടികൂടിയത്.

Related Posts

Leave a Reply