തിരുവനന്തപുരം :ജാതി സെൻസസ് അടിയന്തിരമായി നടപ്പിലാക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന് കേരള വേലൻ ഏകോപന സമിതി ആവശ്യപ്പെട്ടു.അവകാശ സംരക്ഷണത്തിനായും, നിലനില്പിനായും നാളെ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും, കൂട്ട ധർണയും നടത്തുന്നതിനു മുന്നോടിയായി വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
” ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് അനുപേഷണീയമായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നീ ആദർശങ്ങളെ ഉന്മൂലനം ചെയ്ത ജാതി സമ്പ്രദായം സൃഷ്ടിച്ച വിവേചനകളും പുറന്തള്ളലുകളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നു എന്നും, നിയഥാർത്ഥത്തിൽ എങ്ങനെയാണ് ജനസംഖ്യയിൽ ന്യൂനപക്ഷം വരുന്ന സവർണ്ണ ജാതിക്കാർ സാമൂഹ്യഘടനയുടെയും, സാമ്പത്തിക, വ്യവഹാരങ്ങളുടെയും, അധികാരകേന്ദ്രങ്ങളുടെയും അധിപരായതെന്നും, ഭൂരിപക്ഷം വരുന്ന പട്ടികജാതി അടക്കമുള്ള അവർണ്ണ ജാതിക്കാർ ഈ മേഖലയിൽ നിന്ന് പിന്തള്ളപ്പെട്ടു പോകുന്നുവെന്ന് പരിശോധിക്കണമെന്നും, അതിന് പരിഹാരമാണ് ജാതി സെൻസസ് എന്നും കേരള വേലൻ ഏകോപന സമിതി സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെട്ടു.
മറ്റു ജനവിഭാഗങ്ങൾക്കൊപ്പം ലഭിക്കേണ്ട അധികാരാവകാശങ്ങളും, സമ്പത്തും, സാമൂഹിക അംഗീകാരങ്ങളും സംവരണ സമുദായങ്ങൾക്ക് ഇതേവരെ എത്ര മാത്രം ലഭിച്ചു എന്ന് അറിയുന്നതിന് ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണ്.
ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള വേലൻ ഏകോപന സമിതി KVES) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 15 ബുധനാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജീവ് നെല്ലിക്കുന്നേൽ, സംസ്ഥാന ഭാരവാഹികളായ കെ കെ ശശി, എ എസ് ബാഹുലേയൻ, സി കെ അജിത് കുമാർ, ആർ മുരളി, കമലാസനൻ പി ജി എന്നിവർ അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്നതാണ്.
കേരള വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡന്റ് കെ.കെ ശശി അദ്ധ്യക്ഷനായിരിക്കും. സംഘടനാ നേതാക്കളായ സത്യരാജൻ വി.വി, ആർ മുരളി, പ്രൊഫ .വി.പി. വിജയൻ, സി.കെ. അജിത് കുമാർ, എം.എസ്.ബാഹുലേയൻ, സുരേഷ് മയിലാട്ടുപാറ, കൃഷ്ണൻ കുട്ടി വി.എൻ, അനിഷ് കുമാർ ചിത്രം പാട്ട്, കമലാസനൻ പി.ജി, തുടങ്ങിയവർ പ്രസംഗിക്കും.
ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉടൻ നടപടി സ്വീകരിക്കുക,
ഹോം സർവ്വേ നിർത്തിവയ്ക്കുക, മുടങ്ങിക്കിടക്കുന്ന ഇ-ഗ്രാന്റ് ഉടൻ വിതരണം ചെയ്യുക,
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ PSC യെ ഏൽപ്പിക്കുക,
എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുക,
പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുക.
പി.എച്ച്.ഡി വിദ്യാർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന ഫെല്ലോഷിപ്പ് ഉടൻ വിതരണം ചെയ്യുക.
സംവരണം അട്ടിമറിച്ചുള്ള താൽകാലിക നിയമനം അവസാനിപ്പിക്കുക,
പി ടി എ വഴി നടത്തുന്ന താല്കാലിക അധ്യാപക നിയമനങ്ങൾ എംപ്ലോയിമെന്റ് വഴിയാക്കുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്കും , വകുപ്പുമന്ത്രിയ്ക്കും നിവേദനം നൽകുന്നതാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.