രാജസ്ഥാന്‍: ജയ്പൂരില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 11 പേര്‍ പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റ പകുതിയിലേറെ പേരും വളരെ ഗുരുതരാവസ്ഥയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജയ്പൂര്‍ അജ്മീര്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 37 വാഹനങ്ങള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും തീപിടിച്ചു.
അഞ്ച് പേര്‍ സംഭവസ്ഥലത്ത് നിന്നും മറ്റുള്ളവര്‍ ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്. നഗരത്തിലെ ബെന്‍ക്രോട്ട ഏരിയയിലായിരുന്നു സംഭവം. കൂട്ടിയിടിയില്‍ എല്‍പിജി ടാങ്കറിന്റെ ഔട്ട്‌ലെറ്റ് നോസല്‍ കേടായതിനെ തുടര്‍ന്ന് ഗ്യാസ് ലീക്കാകുകയും തീപിടിത്തമുണ്ടാകുകയുമായിരുന്നുവെന്ന് ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
‘ടാങ്കറിന് പിന്നിലുള്ള വാഹനങ്ങളിലും തീപിടിച്ചു. മറുവശത്ത് നിന്ന് വന്ന വാഹനങ്ങളിലും തീപിടിച്ചു. പിന്നാലെ വാഹനങ്ങളെല്ലാം കൂട്ടിയിടിച്ചു’, അദ്ദേഹം പറഞ്ഞു. 43 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഏഴ് പേര്‍ വെന്റിലേറ്ററിലാണ്.