ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണികൂറുകൾക്ക് ശേഷമാണ് അനന്തനാഗിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചു. ഏത് സംഘടനയിൽപെട്ടവരാണ് തീവ്രവാദികൾക്ക് എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചു.
അതേസമയം, ജമ്മു കാശ്മീരിൽ ഇന്ന് വീണ്ടും അതിഥിതൊഴിലാളികൾക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഉത്തർപ്രദേശിൽ നിന്ന് വന്ന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ജമ്മുവിലെ ബുധ്‌ഗം ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. ജൽ ശക്തി വകുപ്പിലെ ദിവസവേതന ജീവനക്കാരായ സോഫിയാൻ, ഉസ്മാൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും നിലവിൽ ആരോഗ്യനില തൃപ്തികരവുമാണ്.