Kerala News

ജനുവരി 24ന് താമരശ്ശേരി ടൗണിലെ റന ഗോള്‍ഡ് ജ്വല്ലറിയുടെ ചുമര്‍ തുറന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി.

കോഴിക്കോട്: കഴിഞ്ഞ ജനുവരി 24ന് താമരശ്ശേരി ടൗണിലെ റന ഗോള്‍ഡ് ജ്വല്ലറിയുടെ ചുമര്‍ തുറന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. പൂനൂര്‍പാലം തലക്കല്‍ നവാഫ് (27) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ഇയാള്‍ താമസിക്കുന്ന താമരശ്ശേരി പള്ളിപ്പുറം വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ  നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് നൂറുമീറ്റര്‍ മാത്രം അകലെയുള്ള ജ്വല്ലറിയുടെ ചുമര്‍ തുരന്ന് ഉള്ളില്‍ കയറിയ കവര്‍ച്ചാ സംഘം സി സി ടി വി സ്പ്രേ പെയിന്റ് അടിച്ച് മറച്ച ശേഷം ലോക്കര്‍ മുറിച്ച് 45 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. നാല് മണിക്കൂറോളം ജ്വല്ലറിക്കുള്ളില്‍ ചെലവഴിച്ചാണ് പ്രതികള്‍ കളവ് നടത്തിയത്. താമരശ്ശേരി മുതല്‍ കോഴിക്കോട്, കൊണ്ടോട്ടി വരെ നൂറോളം സി സി ടി വി കാമറകള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും ആദ്യം പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. 

തുടര്‍ന്ന് താമരശ്ശേരിയില്‍ തന്നെയുള്ള മുൻ റ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവാഫിന്റെ കുടുംബം താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്നതായി പൊലീസ് മനസിലാക്കുന്നത്. വാടകക്ക് താമസിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ പ്രതി  പെട്ടെന്ന് വീട് ഒഴിഞ്ഞു പോയതും സംശയത്തിനിടയാക്കി. നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തും സഹോദരന്മാരും ഉമ്മയും താമരശ്ശേരി ടൗണിലും ഉള്ള ക്വാര്‍ട്ടേഴ്‌സിലുമാണ് വാടകക്ക് താമസിച്ചിരുന്നത്. 

ഇയാളും സഹോദരന്‍ നിസാറും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ഡിസംബര്‍ 28ന് രാത്രി് ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മല്‍ ജ്വല്ലറിയുടെ പിന്‍ഭാഗം ചുമര്‍ തുരന്ന് ഉള്ളില്‍ കയറിയിരുന്നു, ലോക്കര്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും മാത്രമാണ് ഇവിടെ നി്‌നന് ലഭിച്ചത്. റന ഗോള്‍ഡില്‍ നിന്ന് കവര്‍ച്ച ചെയ്ത 157 ഗ്രാമോളം സ്വര്‍ണ്ണം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 2020ല്‍ താമരശ്ശേരിയിലെ ഒരു കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതിനു നവാഫ് ഒരു മാസം ജയിലില്‍ കിടന്നിരുന്നു.
     
താമരശ്ശേരി ഡിവൈ.എസ്.പി പി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ഒ പ്രദീപ്, സായൂജ് കുമാര്‍, എസ്.ഐമാരായ ജിതേഷ് കെ.എസ്, രാജീവ് ബാബു, ബിജു പി, ഷിബില്‍ ജോസഫ്, ഷാജി. പി,,എ എസ് ഐ മാരായ അഷ്റഫ്. വി സജീവ്. ടി,  ശ്രീജിത്ത്. എസ്.ഡി, ഹരിദാസന്‍, സീനിയര്‍ സി പി ഒമാരായ ജയരാജന്‍ എന്‍.എം, ജിനീഷ് പി.പി, അജിത്, സിന്‍ജിത് കെ, ഷൈജു, ഷിനോജ്, രാകേഷ്, സൈബര്‍ സെല്‍ അംഗങ്ങളായ സത്യന്‍ കാരയാട്, ശ്രീജിത്ത്, റിജേഷ് ,നൗഷാദ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Posts

Leave a Reply