ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക. കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന സക്സസ് പാര്‍ട്ടിയിലാണ് പ്രേമലു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന് മലയാളത്തിന് പുറകെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ സ്ലിനും മമിത ബൈജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. അതേസമയം പ്രേമലു വിജയാഘോഷത്തിൽ പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, 24 ചീഫ് എഡിറ്റര്‍ ആന്‍ ഫ്ലവേഴ്സ് എംഡി ആര്.ശ്രീകണ്ഠന് നായര്‍,ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ് എന്നിവരും പങ്കെടുത്തു.