ന്യൂഡല്‍ഹി: കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രം. ജൂലൈ 23 മുതലാണ് കേരള സര്‍ക്കാരിനെ മുന്നറിയിപ്പുകള്‍ അറിയിച്ചതെന്നും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് എന്‍ഡിആര്‍എഫിന്റെ 9 ടീമുകളെ കേന്ദ്രം ജൂലൈ 23 ന് കേരളത്തിലേക്ക് അയച്ചിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പിലൂടെ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞതിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പ് പുറത്തിറക്കിയത്.
കേന്ദ്രത്തെ പഴിചാരുന്നവര്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നോക്കിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. പ്രതിപക്ഷത്തിന് മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് അറിയില്ല എന്നത് ഗുണകരമല്ല. പക്ഷേ അറിഞ്ഞിട്ടും അവര്‍ രാഷ്ട്രീയം കളിയ്ക്കുകയാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും കുറിപ്പില്‍ പറയുന്നു.
ജൂലൈ 23 മുതല്‍ ജൂലൈ 30 വരെ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ 12 സെന്റിമീറ്റര്‍ മഴ പെയ്യുമെന്നും ജൂലൈ 30 ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശികമായി ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴ പെയ്താല്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നും അതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റണമായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാകാലത്തും നാട്ടില്‍ പരിഗണിക്കപ്പെടാറുണ്ടെന്നും രാവിലെ ആറ് മണിയോടെ മാത്രമാണ് പ്രദേശത്ത് റെഡ് അലേര്‍ട്ട് നല്‍കിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുവരെയും ഓറഞ്ച് അലേര്‍ട്ടായിരുന്നു. എന്‍ഡിആര്‍എഫിനെ അയച്ചത് കേരളം ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
‘115-204 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ 48 മണിക്കൂറില്‍ 572 മില്ലിമീറ്റര്‍ മഴ പെയ്തു. ദുരന്തത്തിന് മുന്‍പ് ഒരു തവണപോലും റെഡ് അലേര്‍ട്ട് നല്‍കിയിട്ടില്ല. അപകടശേഷം രാവിലെ ആറോടെയാണ് നല്‍കിയത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് 29 ന് നല്കിയ മുന്നറിയിപ്പില്‍ 30 നും 31 നും പച്ച അലേര്‍ട്ടാണ്. ചെറിയ മണ്ണിടിച്ചിലില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത എന്നാണര്‍ത്ഥം. കേന്ദ്ര ജല കമ്മീഷന് ജൂലൈ 23 മുതല്‍ 29 വരെ ഒരു ദിവസം പോലും ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് നല്‍കിയില്ല. എന്‍ഡിആര്‍എഫിനെ അയച്ചത് കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ഇതെല്ലാമാണു വസ്തുത. കുറ്റപ്പെടുത്താന്‍ പറയുന്നതല്ല. നമ്മളാണ് ഭയങ്കര കേമന്മാര് എന്ന് പറയുമ്പോള്‍, ഇങ്ങനെയൊരു സംഭവം അവര്‍ക്കു പറ്റിയിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ വേണ്ടിയാണ്’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.