കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്‍റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി. സ്വകാര്യ ബാറിനുവേണ്ടി പണം വാങ്ങി ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിച്ചുവെന്ന ആരോപണം നേതൃത്വം തള്ളി. വിഷയം ചർച്ച ചെയ്യാൻ മാത്രം ജില്ലാ സെക്രട്ടിറിയേറ്റ് യോഗം ചേർന്നു. സമവായം സാധ്യമാകണമെങ്കിൽ ബാർ മുതലാളിക്ക് വേണ്ടി നടത്തിയ ഇടപെടൽ തിരുത്തണമെന്നാണ് പ്രതിഷേധ പക്ഷത്തുള്ളവരുടെ നിലപാട്.