ചെന്നൈയിൽ വായ്പ നൽകാമെന്ന് പറഞ്ഞ് 1.40 കോടി രൂപ തട്ടിപ്പ് നടത്തിയ സ്ത്രീ ഉൾപ്പെട്ട സംഘം പിടിയിലായി. ഹിമാചൽ പ്രദേശ് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ ഹരീന്ദർപാൽ സിങിന്റെ പരാതിയിലാണ് നടപടി.
തമിഴ് നാട് ശിവഗംഗ സ്വദേശി രാജശേഖരൻ, ചെന്നൈ സ്വദേശികളായ രജിത മൃണാൽസെൻ, രാമു, ദശരഥൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെന്നൈയിലെ വൽസരവാക്കത്തെ ഫ്‌ളാറ്റിൽ നിന്നാണ് സംഘത്തെ അറസ്റ്റു ചെയ്തത്. ഹരിയാനയിൽ പാൽ അക്വ എന്ന പേരിൽ സ്ഥാപനം നടത്തുന്നയാളാണ് ഹരീന്ദർ. സ്ഥാപനം വിപുലീകരിയ്ക്കുന്നതിനായി 70 കോടി രൂപ വായ്പയെടുക്കുന്ന കാര്യം, പരിചയക്കാരനായ രാജശേഖരെ അറിയിക്കുകയായിരുന്നു. ഇയാളാണ് പിന്നീട് തട്ടിപ്പിന് ചുക്കാൻ പിടിച്ചത്.
സംഘത്തിലെ മറ്റു മൂന്നുപേരെയും ഹരീന്ദറിന് പരിചയപ്പെടുത്തിയ ശേഷം , സിംഗപ്പൂരിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തുനൽകാമെന്ന് വിശ്വസിപ്പിയ്ക്കുകയായിരുന്നു. ഇതിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കായി രണ്ട് ശതമാനം തുക മുൻകൂർ അടയ്ക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി നാൽപത് ലക്ഷം രൂപ ഹരീന്ദർ സംഘത്തിന് നൽകി.
ഏറെ കഴിഞ്ഞിട്ടും വായ്പയോ, നൽകിയ തുകയോ ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് പൊലിസിൽ പരാതി നൽകിയത്. സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ പ്രതികളുടെ കേന്ദ്രത്തിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപയും രണ്ട് ആഡംബര കാറുകളും സെൽഫോണുകളും പിടിച്ചെടുത്തു. വ്യാജ സ്റ്റാമ്പ് പേപ്പറുകൾ സീലുകൾ എന്നിവയും സംഘത്തിൽ നിന്നു പിടിച്ചെടുത്തു. കൂടുതൽ ആളുകൾ വായ്പ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്.
