Kerala News

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കേന്ദ്രനിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തബാധിതരോടുള്ള അനീതിയാണിത്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദുരന്തബാധിത മേഖല പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിച്ചതാണ്. എന്നിട്ടും മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ സഹായം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചത്. എസ്ഡിആര്‍എഫിന്റേയും എന്‍ഡിആര്‍എഫിന്റേയും മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ ഇത്തരം സംഭവങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ എന്നും ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കുന്നില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരം വിഷയത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം കേരളത്തിന് ലഭ്യമാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര നിലപാടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Related Posts

Leave a Reply