Kerala News

ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ്റെ വധശിക്ഷ സുപ്രീം കോടതി 20 വർഷം കഠിനതടവായി കുറച്ചു

ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ്റെ വധശിക്ഷ സുപ്രീം കോടതി 20 വർഷം കഠിനതടവായി കുറച്ചു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്‌നാഥ് കിസൻ കുഭർകറുടെ വധശിക്ഷയാണ് കുച്ചത്. ജസ്റ്റിസുമാരായ ബിആർ ഗവായ്, അരവിന്ദ് കുമാർ, കെവി വിശ്വനാഥൻ എന്നിവരാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

2013 ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതര ജാതിയിൽ നിന്നുള്ള യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് മകളായ പ്രമീളയെ ഏക്‌നാഥ് കിസൻ കുഭർകർ വധിച്ചത്. ക്രൂരകൃത്യം അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതിയും പിന്നീട് ഹൈക്കോടതിയും കേസിൽപ്രതിയെ ശിക്ഷിച്ചത്.

എന്നാൽ സുപ്രീം കോടതി ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തി. പ്രതി ദരിദ്ര സാഹചര്യത്തിൽ നിന്നുള്ളയാളാണെന്നും മാതാപിതാക്കളിൽ നിന്ന് മികച്ച പരിചരണം ലഭിക്കാതിരുന്ന ബാല്യമാണ് പ്രതിയുടേതെന്നതും കോടതി പരിഗണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സമയം കഴിഞ്ഞതായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

38 വയസ് മാത്രമാണ് കേസിലെ പ്രതിയായ ഏക്നാഥ് കിസൻ കുംഭർകറുടെ പ്രായം. ഇയാൾക്ക് മുൻ ക്രിമിനൽ പശ്ചാത്തലവും ഇല്ലായിരുന്നു. 2014 ൽ പ്രതി ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജയിലിൽ പ്രതി സൽസ്വഭാവിയായിരുന്നുവെന്ന റിപ്പോർട്ടും വധശിക്ഷ റദ്ദാക്കുന്നതിൽ അനുകൂല ഘടകങ്ങളായി.

Related Posts

Leave a Reply