Kerala News

ഗർഭാവസ്ഥയിലെ സ്കാനിൽ വൈകല്യം കണ്ടെത്താനായില്ല; ക്ലിനിക്കിന് 80 ലക്ഷം പിഴ

പത്തനംതിട്ട: പലതവണ സ്കാനിങ് ചെയ്തിട്ടും ​ഗ‍ർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത പത്തനംതിട്ടയിലെ സെന്‍റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്‍ററിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റേതാണ് നടപടി. നടപടി അംഗീകരിക്കാൻ ക്ലിനിക്ക് തയാറാകാത്ത പക്ഷം കോടതിയിലേക്ക് പോകാനും കുഞ്ഞിന്‍റെ രക്ഷിതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

അഭിനവിന് ഇപ്പോൾ പ്രായം 8 വയസാണ്. ഇരു കാലുകളുമില്ലാതെയാണ് അവൻ ജനിച്ചത്. കഴുത്ത് ഇപ്പോഴും ഉറച്ചിട്ടില്ല. പക്ഷേ അമ്മ ​ഗർഭിണിയാരിക്കെ കുഞ്ഞിന് ഇരു കാലുകളും ഇല്ലെന്നത് പത്തനംതിട്ട സെന്‍റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്‍ററിലെ ഒരു സ്കാനിങ്ങിൽ പോലും കണ്ടെത്തിയില്ല. ​ഗർഭാവസ്ഥയിൽ തന്നെയുള്ള ഇത്രയും വലിയ വൈകല്യം 18-ാമത്തെ ആഴ്ചയിലെ സ്കാനിങ്ങിൽ കണ്ടെത്താനാകുമെന്ന് തിരുവനന്തപുരം മെഡ‍ിക്കൽ കോളജ് ആശുപത്രിയിലെ റേഡിയോ ഡയ​ഗ്നോസിസ് വകുപ്പ് മേധാവി തന്നെ വിസ്താരത്തിൽ വ്യക്തമാക്കിയിരുന്നു.

വിശദമായ വാദത്തിനും വിസ്താരത്തിനും ഒടുവിലാണ് പത്തനംതിട്ടയിലെ സെന്‍റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്‍ററും അവിടുത്തെ രണ്ട് ​ഗൈനക്കോളജിസ്റ്റുകളും ചികിൽസാ പിഴവ് വരുത്തിയെന്ന് കണ്ടെത്തി പിഴ വിധിച്ചത്. ആശുപത്രിയും രണ്ട് ഡോക്ടർമാ‍ർ ചേർന്ന് 50 ലക്ഷം രൂപ നൽകണം. 30 ലക്ഷം കുട്ടിയുടെ പേരിൽ നിക്ഷേപിക്കണം. 20 ലക്ഷം രക്ഷിതാക്കൾക്ക് നൽകണം. പരാതി നൽകിയ 2015 മാർച്ച് മുതലുള്ള എട്ട് ശതമാനം പലിശ അടക്കം ആകെ 80 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരം. 30 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണം. വിധിയിൽ ആശ്വാസമുണ്ടെങ്കിലും കുഞ്ഞിന്‍റെ ഭാവിയിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്.

Related Posts

Leave a Reply