ലഖ്‌നൗ: ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച മോഡലിനെതിരെ വിമർശനം. വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിലാണ് സംഭവമുണ്ടായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് കടുത്ത വിമർശനം. ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ വെച്ചാണ് മമത കേക്ക് മുറിച്ചത്.
വീഡിയോ റെക്കോർഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിശ്വാസികളിൽ നിന്നും മതനേതാക്കളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്‌സാണ് മമതയ്ക്കുളളത്. വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
കേക്ക് മുറിച്ച് ആദ്യത്തെ കഷണം ശ്രീകോവിലിനു മുന്നിൽ വെയ്ക്കുന്നത് വീഡിയോയിൽ കാണാം. വാരണാസിയിലെ ‘കാശി വിദ്വത് പരിഷത്ത്’ എന്ന മതസംഘടന വീഡിയോയ്‌ക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. മമത റായ്ക്കെതിരെ വക്കീൽ നോട്ടീസ് അയക്കമെന്നും മതസംഘടന പറഞ്ഞു.
മമതയുടെ പ്രവർത്തിയെ വിലക്കാതിരുന്ന ക്ഷേത്ര പുരോഹിതനെതിരേയും വിമർശനം ഉയരുന്നുണ്ട്. ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിക്കുന്നതും വീഡിയോ റെക്കോർഡ് ചെയ്യുന്നതും നിരോധിക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.