Kerala News

ക്രിസ്തുമസ് മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന വത്തിക്കാൻ ആവശ്യത്തെ വെല്ലുവിളിച്ച് വിമത വൈദികർ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന തർക്കത്തിൽ വത്തിക്കാനെ വെല്ലുവിളിച്ച് വീണ്ടും വിമത വിഭാഗം വൈദികർ. ക്രിസ്തുമസ് ദിനത്തിൽ ഒരു തവണ മാത്രം വത്തിക്കാൻ ആവശ്യപ്പെടുന്ന ഏകീകൃത കുർബാന അർപ്പിച്ചാൽ മതി എന്നാണ് വിമത വിഭാഗം വൈദികരുടെ തീരുമാനം. ക്രിസ്തുമസ് ദിനത്തിലെ മറ്റു കുർബാനകൾ ജനാഭിമുഖ കുർബാന അർപ്പിക്കാനും ഒരു കുർബാന മാത്രം ഏകീകൃത കുർബാന അർപ്പിക്കാനുമാണ് എറണാകുളം അങ്കമാലി രൂപതയിലെ വിമത വൈദികരുടെ തീരുമാനം.

ക്രിസ്തുമസ് ദിനം മുതൽ മാർപ്പാപ്പ ആഹ്വാനം ചെയ്തതും സിനഡ് അംഗീകരിച്ചതുമായ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ബോസ്കോ പുത്തൂർ ഇന്നലെ സർക്കുലർ ഇറക്കിയതിന് പിന്നാലെയാണ് വിമത വിഭാഗം വൈദികരുടെ തീരുമാനം. എന്നാൽ സർക്കുലർ വെല്ലുവിളിനിറഞ്ഞതും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണെന്നും എറണാകുളം അങ്കമാലിയിലെ വിശ്വാസികളുടെ സംഘടനയായ അൽമായമുന്നേറ്റം നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമത വിഭാഗം വൈദികരും നിലപാട് പരസ്യമാക്കിയത്.

കഴിഞ്ഞ ഒരാഴ്ച നിരവധി ചർച്ചകൾ ഇരു കൂട്ടരുമായും നടത്തിയ ശേഷമാണു വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസൽ തിരികെ മടങ്ങിയത്. മാർപാപ്പയുടെ ആഹ്വനം നടപ്പാക്കണമെന്നാണ് ബിഷപ്പ് സിറിൽ വാസൽ അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ബോസ്കോ പുത്തൂർ ഇന്നലെ സർക്കുലർ ഇറക്കിയത്.

Related Posts

Leave a Reply