മലപ്പുറം: കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് പ്രവർത്തകർക്ക് സ്വന്തം പതാക ഉയർത്തി പിടിച്ചു വോട്ട് ചോദിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ യുഡിഎഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക സിങ് രജാവത് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളുടെ പ്രചാരക ആയിരുന്നു ദീപിക. ചൗധരി ലാൽ സിങിനെ ജോഡോ യാത്രയിൽ പങ്കെടിപ്പിച്ചതിൽ പ്രതിഷേധിച്ച് ആയിരുന്നു രാജി. കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവരുടെ കാര്യം പറയുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. എന്നാൽ കോണ്‍ഗ്രസിലേയ്ക്ക് വന്ന ആളുടെ കാര്യമാണ് ഇപ്പോൾ പറഞ്ഞത്. ചൗധരി ലാൽ സിങ് ഇപ്പോൾ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കത്വ കേസിൽ പെൺകുട്ടിയെ ആക്രമിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ചൗധരി ലാൽ സിങ് സ്വീകരിച്ചത്. ഇത് സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിൽ പോകുന്നത് വാർത്ത അല്ലാതെയായിരിക്കുകയാണ്. കേരളത്തിലും ഇത് തുടങ്ങി കഴിഞ്ഞു. മലപ്പുറം ബിജെപി സ്ഥാനാർത്ഥി കാലിക്കറ്റ് സർവകലാശാല വിസി പദവിയിൽ യുഡിഎഫ് നോമിനി ആയിരുന്നു. പത്തനംതിട്ട ബിജെപി സ്ഥാനാർത്ഥി കോണ്‍ഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകനും ഐടി സെൽ മേധാവിയും ആയിരുന്നു. കണ്ണൂർ ബിജെപി സ്ഥാനാർത്ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു. കേരളത്തിൽ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലിൽ ഒരാൾ മുൻ യുഡിഎഫ് പ്രവർത്തകർ ആണെന്നും പിണറായി വിജയന് ആരോപിച്ചു.
മോദിക്ക് എതിരെ പറയുന്നില്ല എന്നാണ് പറയുന്നത്. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോൺഗ്രസ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന് മുൻതൂക്കം നൽകുന്ന കേരളത്തിലെ സർവേകൾ പുതിയ കാര്യമല്ല. ചില മാധ്യമങ്ങൾ ഓവർടൈം പണി എടുക്കുന്നുണ്ട്. മലയാള മനോരമയാണ് മുൻപന്തിയിൽ. എൽഡിഎഫ് വാർത്തകൾ മനോരമ തമസ്കരിക്കുന്നുണ്ട്. എൽഡിഎഫ് ഉയർത്തുന്ന വിമർശനം അപ്പാടെ തമസ്കരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സർവേയുടെ ഫലം ഓർത്തു നോക്കൂ. അന്ന് കെ കെ ശൈലജയും എം എം മണിയും എം ബി രാജേഷും റിയാസും പരാജയപ്പെടും എന്ന് പറഞ്ഞിരുന്നു. തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ വേണ്ടിയാണ് ഇത്തരം സർവേകൾ എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്ന പറഞ്ഞ പലരും ഇന്ന് മന്ത്രി ആണെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
നബീൽ നാസറിന് എതിരെ എഫ്ബി പോസ്റ്റിൻ്റെ പേരിൽ കേസ് എടുത്ത സംഭത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ പൊലീസിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് പരിമിതിയുണ്ട്. ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.