കോൺഗ്രസിന്റെ കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്തിന് വിലക്ക്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പരിപാടിയിൽ പങ്കെടുക്കരുത് എന്ന് നിർദേശം നൽകിയത് എന്നാണ് വിവരം. നാളെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ വിലക്ക് നീണ്ടു പോകുന്നതിൽ എ വിഭാഗത്തിന് അതൃപ്തിയുണ്ട്.
ഇന്നത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് കെ.പി.സി.സി നേതൃത്വം ഷൗക്കത്തിനെ വാക്കാൽ അറിയിക്കുകയായിരുന്നു. അച്ചടക്ക ലംഘന പരാതിയിൽ പാർട്ടി തീരുമാനം വരുന്നതു വരെ വിലക്ക് തുടരാനാണ് കെ.പി.സി.സിയുടെ തീരുമാനം. നവംബർ 13-ാം തീയതി വരെയായിരുന്നു ആര്യാടൻ ഷൗക്കത്ത് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയിരുന്നത്. എന്നാൽ, അച്ചടക്ക സമിതി റിപ്പോർട്ട് വൈകിയ സാഹചര്യത്തിൽ വിലക്ക് തുടരുകയായിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിശോധിക്കാനാവാത്തത്. ഈ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്.