Kerala News

കോഴിക്കോട്: വ്യാജരേഖ ചമച്ച് കുടുംബശ്രീയുടെ പേരില്‍ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി

കോഴിക്കോട്: വ്യാജരേഖ ചമച്ച് കുടുംബശ്രീയുടെ പേരില്‍ 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് അന്വേഷണം ആരംഭിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിന് കീഴിലുള്ള കുടുംബശ്രിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. പ്രസിഡന്റ് അറിയാതെ കുടുംബശ്രീയിലെ ഒരംഗം പ്രസിഡന്റാണെന്ന വ്യാജേന, മറ്റ് അംഗങ്ങളുടെ വ്യാജ ഒപ്പും നിര്‍മിച്ച് സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ ശുപാര്‍ശയോടെ ബാങ്കില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ചാത്തമംഗലം മണ്‍ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹമീദ് ആണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച വിജിലന്‍സ് സംഘം ചാത്തമംഗലം പഞ്ചായത്ത് കുടുംബശ്രീ ഓഫീസിലും എസ്.ബി.ഐയുടെ എന്‍.ഐ.ടി ബ്രാഞ്ചിലും പരിശോധന നടത്തി. രാവിലെ പത്തോടെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. ഇതിന് മുന്‍പും എസ്.ബി.ഐ ബ്രാഞ്ചില്‍ നിന്നും കുടുംബശ്രീ യൂനിറ്റിന്റെ പേരില്‍ എടുത്ത 47ഓളം ലോണുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Posts

Leave a Reply