കോഴിക്കോട്: ഫാന്‍സി – ഫൂട്ട്വിയര്‍ കടയില്‍ മോഷണം നടത്തിയ പ്രതിയും പ്രായപൂര്‍ത്തിയാവാത്ത കൂട്ടുപ്രതിയും പിടിയില്‍. കാട്ടിലപ്പീടിക പരീക്കണ്ടിപ്പറമ്പില്‍ സായ് കൃഷ്ണ (20) ഇയാളുടെ സുഹൃത്തായ പതിനേഴ് വയസ്സുകാരന് എന്നിവരെയാണ് നടക്കാവ് പൊലീസ് ഇന്ന് വൈകീട്ട് പിടികൂടിയത്. കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള മണവാട്ടി ഫാന്‍സിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. രാത്രി ഏഴോടെ കസ്റ്റമറെന്ന വ്യാജേന ഇവര്‍ കടയിലെത്തുകയായിരുന്നു. കടയില്‍ സാധനം വാങ്ങാനായി ആളുകള്‍ ഉള്ള സമയം നോക്കിയാണ് ഇവരും എത്തിയത്. ഉടമയുടെ ശ്രദ്ധ പതിയുന്നില്ലെന്ന് ഉറപ്പാക്കിയ പ്രതികള്‍ കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന 8000 രൂപ കൈക്കലാക്കുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഉടമയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികളെ തിരിച്ചറിയുകയായിരുന്നു. നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ജിജോ, എസ് ഐ ലീല എന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകാന്ത്, ഷിജു കാപ്പാട്, ശിഹാബുദ്ധീന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
