Kerala News

കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെ പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ഇന്ന് കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തേക്കും. പ്രദേശവാസികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവലിലാകും തെളിവെടുപ്പ്.

മലപ്പുറം കൊണ്ടോട്ടിയിൽ അനുവിൻ്റെ ആഭരണങ്ങൾ വിറ്റ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. പ്രതിയെ നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം, കൊല നടത്തിയ സമയത്ത് പ്രതി മുജീബ് റഹ്മാന്‍ ധരിച്ച വസ്ത്രങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും.

അനുവിനെ കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് മൃതദേഹം കണ്ടത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അര്‍ധ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. അനു ബൈക്കില്‍ കയറി പോകുന്നത് കണ്ടെന്ന് ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഈ സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍ പിടിയിലായത്.

ആളൊഴിഞ്ഞ നാട്ടുവഴിയിലൂടെ അടുത്ത ജംഗ്ഷനില്‍ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് വേഗത്തില്‍ നടക്കുകയായിരുന്ന അനുവിനെ കൊണ്ടാക്കാമെന്ന് പറഞ്ഞ് മുജീബ് ബൈക്കില്‍ കയറ്റിയ ശേഷം അൽപ്പദൂരം കഴിഞ്ഞ് ബൈക്ക് നിര്‍ത്തി തോട്ടില്‍ തളളിയിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. പിന്നീട് അനുവിന്റെ ആഭരണവും കവര്‍ന്ന് രക്ഷപ്പെട്ടുകയായിരുന്നു.

Related Posts

Leave a Reply