കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ പ്രതി റോബിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം റോബിൻ ഓടി രക്ഷപെട്ടത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. ഡോഗ് സ്ക്വാഡിലെ വിദഗ്ദരുടെ സഹായത്തോടെയായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. അന്തർ സംസ്ഥാന ലഹരി മാഫിയയുമായുള്ള റോബിന്റെ ബന്ധങ്ങളും അന്വേഷണം പരിധിയിലാണ്.
റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസെത്തിയാൽ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ.
