കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ വിവാഹത്തിന് ശേഷം യുവാവ് യുവതിയെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്ന് പരാതിയിൽ അടിമുടി ദുരൂഹത. വിവാഹത്തിനുശേഷം വധുവിനെ കബളിപ്പിച്ചു യുവാവ് കടന്നെന്ന പരാതിയിൽ കടുത്തുരുത്തി സ്വദേശിയായ യുവതിയും വീട്ടുകാരും കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും, കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. റാന്നിയിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ യുവാവ് യുവതിയെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ട് വിട്ടു. അതിന് ശേഷം യുവാവ്, ഇയാൾ ജോലി ചെയ്തിരുന്ന വിദേശ രാജ്യത്തേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പരാതിയുമായി പൊലീസിന് സമീപിച്ചത്.
വിവാഹസമയത്തു സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും കേസിൽ അടിമുടി ദുരൂഹതെയെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുള്ള യുവാവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്തെങ്കിൽ മാത്രമെ കൂടുതൽ വ്യക്തത വരുവെന്ന് പൊലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടിക്കാണ് പ്രാഥമിക പരിഗണനയെന്നാണ് പൊലീസ് പറയുന്നത്.