Kerala News

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി; പ്രതി പിടിയിൽ

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതിയിൽ കിളികൊല്ലൂർ സ്വദേശി നവാസ് എന്നയാളെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിയായ നവാസ് പറയുന്നത്.. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം ചെമ്മാമുക്കിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് വിദ്യാർത്ഥികൾ ഓട്ടോയിൽ കയറിയത്.

വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഓട്ടോ പോകുന്ന വഴി തെറ്റാണെന്ന് ഡ്രൈവറോട് പറഞ്ഞു. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തയ്യറായില്ല. സ്പീഡ് കൂട്ടുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെൺകുട്ടികൾ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു. വിവരങ്ങൾ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞത്. ഓട്ടോ ഡ്രൈവർ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഓട്ടോയിൽ നിന്ന് ചാടിയ പെൺകുട്ടിയ്ക്ക് പരുക്കേറ്റിരുന്നു.

സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ നവാസിനെ പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നും ഇടവഴിയിലൂടെ പോകുമ്പോൾ വിദ്യാർഥിനികൾ പേടിച്ച് ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു എന്നുമാണ് നവാസ് പൊലീസിനോട് പറഞ്ഞത്.

Related Posts

Leave a Reply