പത്തനംതിട്ട: സ്കൂളിൽ കളിക്കുന്ന സമയത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ അഞ്ചരവയസ്സുകാരൻ ആരോൺ മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ബന്ധുക്കൾ. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആശുപത്രി അനസ്തേഷ്യ നൽകിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അതേസമയം, ചികിത്സാപിഴവ് അല്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥിയാണ് ആരോൺ വി. വർഗീസ്. ഇന്നലെ വൈകിട്ടാണ് സ്കൂളിൽ വീണ് ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
രണ്ട് മാസം മുമ്പ് കുഞ്ഞിന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ കുഞ്ഞിന് അനസ്തേഷ്യ നൽകുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അച്ഛൻ പറയുന്നു. അനസ്തേഷ്യ നൽകിയ ഉടൻ കുഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. ആരോപണത്തിനെതിരെ റാന്നി മാർത്തോമാ ആശുപത്രി രംഗത്തെത്തി. കുഞ്ഞിന്റെ കൈക്കൊഴ തെറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. കൈ ക്കൊഴ പിടിച്ചിടുമ്പോൾ അനസ്തേഷ്യ കൊടുത്താണ് ചെയ്യുന്നത്. അതിനിടെ കുഞ്ഞിന്റെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടു. ഇതിനെ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ പറഞ്ഞയച്ചുവെന്നും ആശുപത്രി വ്യക്തമാക്കി. അതേസമയം, കുഞ്ഞിന്റെ മൃതേദഹം പോസ്റ്റ്മോർട്ടം ചെയ്യാനായി കോട്ടയത്തേക്ക് കൊണ്ടുപോയി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കേസെടുക്കുക. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്താണ് കുട്ടി വീണത്. ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഏകദശം പത്ത് മണിയോടെ കുഞ്ഞ് മരിക്കുകയും ചെയ്തു.
