Kerala News

കേരളത്തിലെ കർഷകന്റെ ആത്മഹത്യ; ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയതിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ. സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ല. നിരവധി കർഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. കർഷകരെ സർക്കാർ അടിയന്തരമായി സഹായിക്കണം. സംസ്ഥാനത്തെ കർഷകരും സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണ് എന്നും മന്ത്രി പറഞ്ഞു. 

കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷമാണ്. ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനം ഹർജിയിലുണ്ട്. പേരാവൂരിൽ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നൽകാനായിരുന്നു സങ്കട ഹർജി തയ്യാറാക്കിയത്. എന്നാൽ, ഇത് കൊടുക്കുന്നതിനു മുൻപ് തന്നെ സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തു.

സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യൻ ആത്മഹത്യ ചെയ്തത്. ക്യാൻസർ രോഗി ആയിരുന്ന സുബ്രമണ്യൻ പെൻഷൻ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കർഷകനാണ് സുബ്രമണ്യൻ. ചോര വിയർപ്പാക്കി നട്ടു നനച്ചതൊക്കെയും കാട്ടാന നശിപ്പിച്ചു. ഒടുവിൽ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വർഷമായി നാട്ടുകാർ ഏർപ്പാടാക്കിയ വാടകവീട്ടിൽ ആയിരുന്നു താമസം. വാടക വാങ്ങാതെയാണ് വീട്ടുടമ ഇവരെ താമസിപ്പിച്ചിരുന്നത്. എന്നാൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തത്കാലം മാറി താമസിക്കാൻ കഴിഞ്ഞ ദിവസം വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ മറ്റൊരു വീട് തേടുന്നതിനിടെ സുബ്രഹ്മണ്യൻ ജീവിതം അവസാനിപ്പിച്ചു.

ക്യാൻസർ രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാർദ്ധക്യ കാല പെൻഷനായിരുന്നു ഏക വരുമാന മാർഗം. എന്നാൽ പെൻഷൻ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കർ ഭൂമിയുള്ളതിനാൽ നിരസിക്കപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു.

Related Posts

Leave a Reply