India News International News

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. നിയമ നടപടികൾ നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്നും നിലപാടറിയിച്ചു. ഒപ്പം അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്ക പ്രതികരിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.

അരവിന്ദ് കെജ്രിവാളിനെതിരായ നിയമ നടപടിയില്‍ യഥാസമയത്തുള്ള സുതാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുഎസിന്റെ ആദ്യത്തെ പ്രതികരണം. പിന്നാലെ യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്താവന അനാവശ്യമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു.

ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച ജർമൻ വിദേശകാര്യ മന്ത്രിയുടെ നടപടിക്കെതിരെ ജര്‍മ്മനിയുടെ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ശേഷം ജര്‍മ്മനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല.

Related Posts

Leave a Reply