തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും സമ്മാനം കൈമാറുകയും ചെയ്യും. ഇന്നലെ തൃശ്ശൂര്‍ തൊട്ടിപ്പാലത്തായിരുന്നു ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ പ്രസവം.
ബസ്സില്‍ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്കെത്തിക്കാന്‍ ബസ് തിരിച്ച് വിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.