തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ റൈസ് വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 10 മണി മുതൽ സപ്ലൈകോ സ്റ്റോറുകൾ വഴി അരി വാങ്ങാം.ഇന്നലെ ഉദ്ഘാടനം നടത്തിയെങ്കിലും ബില്ലിംഗ് സിസ്റ്റം അപ്ഡേറ്റ് ആകാത്തതിനാൽ വിതരണം തുടങ്ങിയിരുന്നില്ല. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. പരിമിതമായ കെ റൈസ് കിറ്റുകളാണ് സപ്ലൈകോ സ്റ്റോറുകളിൽ ഉള്ളത്. റേഷന്‍കാര്‍ഡുടമകള്‍ക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് ആകെ 94ലക്ഷം റേഷൻ കാർഡുകൾ ഉള്ളപ്പോൾ ഏഴ് ലക്ഷം കിറ്റുകൾ മാത്രമാണ് സപ്ലൈകോ സ്റ്റോറുകളിൽ എത്തിച്ചിരിക്കുന്നത്. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് കൂടുതൽ അരി എത്തിക്കുമെന്ന് സപ്ലൈകോ മാനേജ്മെന്റ് അറിയിച്ചു.അതിനിടെ സബ്സിഡി നിരക്കിൽ നൽകുന്ന പയറും മുളകും മാവേലി സ്റ്റോറുകളിൽ സ്റ്റോക്കെത്തിയിട്ടുണ്ട്.