കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനാൽ കർഷകർക്കുളള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. വൻ തുക കുടിശ്ശികയായതോടെ, പണമടച്ചില്ലെങ്കിൽ ഫ്യൂസൂരുമെന്ന് കണ്ണൂരിലെ കർഷകർക്ക് കെഎസ്ഇബി നോട്ടീസ് നൽകി. ഫണ്ടില്ലാത്തതിനാൽ ആറ് മാസത്തോളമായി കൃഷി ഭവനുകൾ വഴി പണമടച്ചിട്ടില്ല.
കർഷകർക്കുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ബില്ലുകളിൽ ലക്ഷങ്ങൾ കുടിശ്ശികയാണ് വന്നിരിക്കുന്നത്. കണ്ണൂർ തേർത്തല്ലിയിലെ കർഷകൻ സേവ്യറിന് അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ളവർക്കായുള്ള സൗജന്യ വൈദ്യുതി കണക്ഷനുണ്ട്. വൈദ്യുതി ബില്ല് കൃഷി വകുപ്പാണ് അടയ്ക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം സേവ്യറിന് കെഎസ്ഇബിയുടെ ആലക്കോട് സെക്ഷൻ ഓഫീസിൽ നിന്ന് നോട്ടീസെത്തി. 7346 രൂപ ചൊവ്വാഴ്ചക്കുള്ളിൽ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും.
ഇതുവരെയില്ലാത്തൊരു നോട്ടീസ് സേവ്യറിന് മാത്രമല്ല. ആലക്കോട്, ചെറുപുഴ, ഉദയഗിരി ഭാഗത്തെല്ലാം നൂറുകണക്കിന് കർഷകർക്ക് കിട്ടിയിട്ടുണ്ട്. കാരണം അന്വേഷിച്ച് കൃഷിഭവനിൽ പോയപ്പോള്‍ ബില്ല് അടയ്ക്കാന്‍ ഫണ്ടില്ലെന്നാണ് മറുപടി. ആറ് മാസം വരെയുളള ബിൽ തുക കുടിശ്ശികയാണ്. സർചാർജ് വേറെയും. ഒരു കൃഷിഭവന് കീഴിൽ തന്നെ ലക്ഷങ്ങളാണ് കുടിശ്ശിക. സർക്കാര്‍ പണം നൽകിയില്ലെങ്കിൽ സൗജ്യന്യമില്ലെന്നാണ് കർഷകരോട് കെഎസ്ഇബി പറയുന്നത്. കുടിശ്ശിക നിവാരണ യജ്ഞത്തിലാണ് വൈദ്യുതി വകുപ്പ്. അതുകൊണ്ടാണ് സർക്കാരിന്റെ തന്നെ സൗജന്യ പദ്ധതിയിലും അറ്റകൈ പയറ്റുന്നത്. ഇതില്‍ പെട്ടുപോകുന്നത് കർഷകരാണ്.