കുവൈറ്റ് സിറ്റി: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടെ ഫോറൻസിക് നടപടി പൂർത്തീകരിച്ചു. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടപടികൾ പൂർണ്ണമായ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ സാധിക്കുെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവർ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണോ സംഭവത്തിന് ഇടയാക്കിയത് എന്ന് സംശയമുണ്ട്. കുവൈത്തിൽ ഒരുപാട് മലയാളികൾ താമസിക്കുന്ന മേഖലയാണിത്.
തീപിടിത്തം കണ്ടയുടനെ കെട്ടിടത്തിലുള്ള എല്ലാവരും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഇവരുടെ ഫ്‌ലാറ്റിലും മുട്ടിയിരുന്നു. തുടർന്ന് വാതിൽ തുറന്ന മാത്യു കുടുംബത്തെ വിളിക്കുവാൻ അകത്തേക്ക് പോവുകയായിരുന്നു. എന്നാൽ എല്ലാവരും താഴെ എത്തിയിട്ടും ഇവരുടെ കുടുംബത്തെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുവൈത്തിലെ റോയിട്ടേഴ്സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരിച്ച മാത്യു. ഭാര്യ ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആണ്. മകൻ ഐസക് ഭവൻസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ ഇതെ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കുവൈറ്റിൽ ചൂട് കൂടിയതോടെ തീപിടുത്തങ്ങൾ പതിവായിരിക്കുകയാണ്.