തൃശൂര്‍: കുന്നംകുളം നഗരത്തില്‍നിന്നും പട്ടാപ്പകൽ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി.മണിക്കൂറുകൾ നീണ്ട തെരച്ചിലൊടുവിൽ കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയത് പിതാവാണെന്ന നിഗമനത്തില്‍ പൊലീസ് നടത്തിയ ഊര്‍ജിത തെരച്ചിലിനൊടുവിലാണ് കുട്ടിയെ രാത്രി പിതാവിനോടപ്പം പാവറട്ടിയില്‍നിന്നും കണ്ടെത്തി. തൃശൂര്‍ താമസക്കാരായ നാടോടി വിഭാഗത്തില്‍പ്പെട്ട കുട്ടിയെയാണ് പിതാവ് തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.25ന് കുന്നംകുളം നഗരത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ജോലി കഴിഞ്ഞ് തൃശൂരിലേക്ക് പോകുന്നതിനായി കുന്നംകുളത്ത് എത്തിയ അമ്മയും മകളും സമീപത്തെ വ്യാപാരസ്ഥാപനത്തില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുട്ടിയെ പെട്ടെന്ന് ഒരാള്‍ എടുത്തുകൊണ്ട് ഓടുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് എടുത്തുകൊണ്ടുപോയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മേഖലയിലെ സി.സി.ടിവി കാമറകളും യുവാവിന്റെ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുന്നംകുളം നഗരത്തിലെ എല്ലാ റോഡുകളിലും വാഹനങ്ങളടക്കം തടഞ്ഞ് പൊലീസ് തെരച്ചില്‍ നടത്തി. സമീപ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശങ്ങളയച്ചു.
ഒടുവിൽ നഗരത്തിലെ ഒരു ഹോട്ടലില്‍ പിതാവും കുട്ടിയും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതിന്റെ സി.സി.ടിവി ദൃശ്യം ശേഖരിച്ച പൊലീസ് ഇതടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തു. കുന്നംകുളം എസ്.എച്ച്.ഒ. യു.കെ.ഷാജഹാന്റെ നേതൃത്വത്തില്‍ വിവിധ സംഘമായി തിരിഞ്ഞാണ് രാത്രി വൈകിയും അന്വേഷണം നടത്തിയത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ പിതാവിനോടപ്പം കണ്ടെത്തിയത്.
ഇരുവരെയും കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്തു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പോലീസിന് ആശ്വാസമായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ദമ്പതികള്‍ അകന്നു കഴിയുകയാണെന്ന് പൊലീസ് പറയുന്നു. ഇതിനിടയിലാണ് മകളെ സ്വന്തമാക്കാന്‍ പിതാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്.