കീമോതെറാപ്പിക്കുള്ള മരുന്നെന്ന പേരിൽ ഒഴിഞ്ഞ വയലുകളിൽ വ്യാജ മരുന്ന് നിറച്ച് വിൽപ്പന നടത്തിയ കേസിൽ പ്രതികളെ പിടികൂടിയ ഡൽഹി പൊലീസ് ഇരകളെയും കണ്ടെത്തി. ഡൽഹിയിലും ഗുഡ്ഗാവിലും പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളി ജോലി ചെയ്യുന്നവരടക്കം 12 പേരാണ് പിടിയിലായത്. വ്യാജമരുന്ന് നൽകി കാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും പറ്റിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ നേടിയത്. സംഭവത്തിൽ ഇരകളാക്കപ്പെട്ട വിദേശികളടക്കം എട്ട് രോഗികളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരിലൊരാൾ ചികിത്സക്കിടെ വ്യാജമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് മരിച്ചു. സംഭവത്തിൽ ഡൽഹിയിലെ തിസ് ഹസാരി കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
കാൻസർ രോഗികൾക്കുള്ള കീമോതെറാപ്പിക്ക് ആവശ്യമായ ലക്ഷങ്ങൾ വില വരുന്ന മരുന്നുകളിലായിരുന്നു കൃത്രിമം. യാഥാർത്ഥ മരുന്നുകളുടെ ഒഴിഞ്ഞ വയലുകൾ ശേഖരിച്ച ശേഷം ഇവയിൽ വ്യാജ മരുന്ന് നിറച്ച് വിപണിയിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്. മരുന്ന് കടകൾ വഴി നേരിട്ടും ഇന്ത്യാ മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും പ്രതികൾ മരുന്നുകൾ വിതരണം ചെയ്തിരുന്നു. പൊതുവിപണിയിൽ ഏകദേശം നാല് കോടിയോളം വില വരുന്ന 140 വയലുകളാണ് വ്യാജ മരുന്ന് നിറച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.
വ്യാജമരുന്നിന് ഇരയായ എട്ട് പേരിൽ ഒരാൾ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ളതാണ്. 5.92 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹം ആറ് ഇഞ്ചക്ഷനുകൾ വാങ്ങിയത്. ജമ്മു കശ്മീരിൽ നിന്നുള്ള രോഗി 2 കുത്തിവെപ്പുകൾക്ക് 1.8 ലക്ഷം രൂപ ചെലവാക്കി. ഹരിയാനയിൽ നിന്നുള്ള രോഗി 5.67 ലക്ഷം രൂപ ചെലവാക്കി ആറ് ഇഞ്ചക്ഷൻ വാങ്ങി. ഛണ്ഡീഗഡിൽ നിന്നുള്ള സ്ത്രീ 13.50 ലക്ഷം രൂപ മുടക്കി 10 ഇഞ്ചക്ഷനുകൾ വാങ്ങി. പഞ്ചാബിൽ നിന്നുള്ളയാൾ 16.20 ലക്ഷം രൂപ മുടക്കി 12 ഇഞ്ചക്ഷൻ വാങ്ങി. പശ്ചിമ ബംഗാളിൽ നിന്നുള്ളയാൾ 24 ഇഞ്ചക്ഷൻ 24 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്.
വായയിൽ കാൻസർ രോഗം ബാധിച്ച ബിഹാറിലെ മധുബനിയിൽ നിന്നുള്ള സ്ത്രീക്ക് വേണ്ടിയാണ് ഭർത്താവ് ലക്ഷക്കണക്കിന് രൂപ മുടക്കി മരുന്ന് വാങ്ങിച്ചത്. എന്നാൽ ഇദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചു. ഈ സ്ത്രീക്ക് ശ്വാസകോശത്തിലും കാൻസർ ബാധിച്ചിരുന്നു. നില ഗുരുതരമായതോടെയാണ് കെയ്ട്രുഡ (Keytruda) എന്ന കുത്തിവെപ്പിന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ലക്ഷത്തിലേറെ വില വരുന്ന കുത്തിവെപ്പ് ഇന്ത്യ മാർട്ട് എന്ന ഓൺലൈൻ വിപണിയിൽ ലവ് നരുല എന്ന ദാതാവ് 90000 രൂപയ്ക്ക് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. ഇയാൾ 3.6 ലക്ഷം രൂപ മുടക്കി നാല് ഇഞ്ചക്ഷൻ വാങ്ങി. ഇതിൽ രണ്ടെണ്ണം സ്ത്രീക്ക് കുത്തിവെച്ചതോടെ നില വഷളായ രോഗി അധികം വൈകാതെ മരിച്ചു. 2022 സെപ്തംബർ 11 നായിരുന്നു മരണം.
ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരടക്കം ഏഴ് പേരാണ് കേസിലെ പ്രതികൾ. മാർച്ച് 12 നാണ് ഇവർ പിടിയിലായത്. വിപിൽ ജെയിൻ എന്ന മുഖ്യ പ്രതിയും ഇയാളുടെ സഹായികളായ സൂരജ് ഷാത്, നീരജ് ചൗഹാൻ, തുഷാർ ചൗഹാൻ, പർവേസ്, കോമൾ തിവാരി, അഭിനയ് സിങ്, ആദിത്യ കൃഷ്ണ, രോഹിത് സിങ് ബിഷ്ട്, ജിതേന്ദർ, മജിദ് ഖാൻ, സജിദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
നാല് പ്രതികളിൽ നിന്ന് മരുന്ന് നിറയ്ക്കാനുള്ള ഒഴിഞ്ഞ വയലുകൾ അടക്കം പൊലീസ് പിടികൂടിയിരുന്നു. രാജ്യതലസ്ഥാനത്ത് പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലായിരുന്നു പ്രതികളിൽ ചിലർക്ക് ജോലി. ഇവിടങ്ങളിൽ നിന്നാണ് ഇവർ ഒഴിഞ്ഞ മരുന്ന് വയലുകൾ ശേഖരിക്കുന്നത്. പ്രതികളിൽ രണ്ട് പേർ മരുന്ന് വിൽക്കുന്ന കടകളിലെ ഫാർമസിസ്റ്റുകളാണ്. 3000 രൂപ മുതൽ 6000 രൂപ വരെയാണ് ഒഴിഞ്ഞ വയലുകൾക്ക് വില. ഇവയിൽ പിന്നീട് വ്യാജ മരുന്നുകൾ നിറച്ച് തോന്നുന്ന വിലയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്. പ്രതികൾ ജോലി ചെയ്തിരുന്ന ആശുപത്രികൾക്കും ഡൽഹി പൊലീസ് നോട്ടീസ് നൽകിയിട്ടുമുണ്ട്.
