India News

കാമുകിമാരുമായി സല്ലപിച്ച പ്രായപൂർത്തിയാകാത്ത 20 ആൺകുട്ടികൾ തടവിലെന്ന വിവരം കേട്ട് മൂക്കത്ത് വിരൽ വെച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി

സംഭവത്തിൽ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിലാണ് 20 ആൺകുട്ടികൾ തടവിൽ കഴിയുന്നത്. അഭിഭാഷകനായ മനീഷ് ഭണ്ഡാരിയാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പെൺകുട്ടികൾക്കൊപ്പം പിടികൂടിയ ആൺകുട്ടികളെ മാത്രം തടവിലാക്കിയതിന് കാരണമെന്തെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അയച്ച നോട്ടീസിൽ ചോദിച്ചു. ചീഫ് ജസ്റ്റിസ് റിതു ബഹരി, ജസ്റ്റിസ് രാകേഷ് തപ്ലിയൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പെൺകുട്ടികൾക്കൊപ്പം പിടികൂടിയ ആൺകുട്ടികളെ മാത്രം തടവിലാക്കിയതിൻ്റെ കാരണം ചോദിച്ചാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പിടിയിലായ ചിലർക്കൊപ്പം ഉണ്ടായിരുന്നത് അവരേക്കാൾ മുതിർന്ന പെൺകുട്ടികളായിരുന്നു. എന്നിട്ടും ആൺകുട്ടികളെ മാത്രമാണ് പൊലീസ് തടവിലാക്കിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെയും മാതാപിതാക്കളെയും കൗൺസിലിങിന് വിധേയരാക്കുകയാണ് വേണ്ടത്. എന്നാൽ പോക്സോ വകുപ്പുകളടക്കം ചുമത്തി ആൺകുട്ടികളെ ജയിലിലാക്കുകയാണ് ചെയ്തത്. 16-18 വയസ് പ്രായത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ വെക്കാൻ ഹൈക്കോടതി ഉത്തരവിടണം. പ്രായപൂർത്തിയാകാത്ത കുട്ടികളെ നേരിട്ട് ജയിലിലയക്കാതെ ആദ്യം കൗൺസിലിങിന് വിധേയരാക്കണമെന്നും മനീഷ് ഭണ്ഡാരി തൻ്റെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts

Leave a Reply