India News

കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ; കാറില്‍ രക്തക്കറ, ആഭരണങ്ങള്‍, ചുറ്റിക

കോയമ്പത്തൂർ: കഴിഞ്ഞമാസം സഹപ്രവർത്തകനോടൊപ്പം കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉക്കടത്തിന് സമീപം മുഹമ്മദ് ഖാനി റൗത്തർ സ്ട്രീറ്റിൽ നിന്നാണ് കാർ കണ്ടെത്തിയത്. ദിവസങ്ങളായി കാർ ഇവിടെ പാർക്ക് ചെയ്തിട്ടിരിക്കുന്നതായി ന​ഗരവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വി കളത്തൂരിൽ നിന്നുള്ള പൊലീസ് സംഘം കാർ പരിശോധിച്ച് കാണാതായ അധ്യാപിക ബി ദീപ (42)യുടെ കാറാണ് ഇതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിന്റെ അകത്ത് നിന്ന് രക്തം പുരണ്ട ചുറ്റിക പൊലീസ് കണ്ടെത്തി. കൂടാതെ രണ്ട് മൊബൈൽ ഫോണുകൾ, ഒരു മംഗല്യസൂത്രം, ഡെബിറ്റ് കാർഡുകൾ, ഒരു ജോടി വെള്ളി പാദസരം എന്നിവയും കണ്ടെത്തി. വി കളത്തൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് ദീപ ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതി നവംബർ 15ന് കാറിനായിരുന്നു സ്‌കൂളിലേക്ക് പോയത്. ശേഷം തിരിച്ചെത്തിയില്ലെന്ന് ഭർത്താവ് ബാലമുരുകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേ ദിവസം തന്നെയാണ് സഹപ്രവർത്തകൻ എൻ വെങ്കിടേശനെയും (44) കാണാതായത്. നവംബർ 17-ന് ഇയാളുടെ ഭാര്യയുടെ പരാതി ലഭിച്ചിരുന്നു. രണ്ട് അധ്യാപകരുടെയും മൊബൈൽ ഫോണുകൾ നവംബർ 15 മുതൽ സ്വിച്ച് ഓഫ് ആയിരുന്നു. അതുകൊണ്ട് അവരുടെ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി തെളിവുകൾ ശേഖരിച്ചു. സ്നിഫർ ഡോഗ് വിൽമ ഉക്കടം ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ഓടി. വെങ്കിടേശന് ഷെയർ മാർക്കറ്റിൽ 30 ലക്ഷം രൂപ നഷ്ടമായെന്നും ദീപയുടെ ഭർത്താവിൽ നിന്ന് ഏതാനും ലക്ഷം രൂപ കടം വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട് . കോയമ്പത്തൂർ സിറ്റി പൊലീസും പെരമ്പലൂർ ജില്ലാ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Related Posts

Leave a Reply