മാനന്തവാടി: കാട്ടാന ചവിട്ടിക്കൊന്ന വനംവകുപ്പ് വാച്ചർ പോളിന് ചികിത്സ ലഭ്യമാക്കുന്നതിൽ പിഴവുണ്ടായെന്ന ആരോപണം ആവർത്തിച്ച് കുടുംബം. പുൽപ്പള്ളിയിലുണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമെന്നും പോളിന്റെ ഭാര്യ സാലി മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അടച്ചുറപ്പുള്ള വീടില്ല. മകളെ പഠിപ്പിക്കണം. ഭർത്താവിന്റെ ജോലി മാത്രമായിരുന്നു ആശ്രയമെന്നും സാലി പറഞ്ഞു. പുൽപ്പള്ളിയിൽ ഇന്നലെയുണ്ടായ പ്രതിഷേധത്തോട് യോജിക്കുന്നെന്ന് പോളിന്റെ മകൾ സോന പറഞ്ഞു. എന്നാൽ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആംബുലൻസിൽ നിന്നിറക്കാഞ്ഞതിൽ പ്രതിഷേധമുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജില് ചികിത്സാ സൗകര്യമില്ല. ആ സ്ഥിതി മാറണം. ചികിത്സ കിട്ടാതെ വയനാട്ടിൽ ഇനി ആരും മരിക്കരുത് എന്നും സോന പറഞ്ഞു.
ഇന്നലെ പോളിന്റെ മൃതദേഹവുമായി ജനം പുൽപ്പള്ളിയിൽ പ്രതിഷേധിച്ചിരുന്നു. വന്യമൃഗശല്യത്തിന് അധികൃതർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധക്കാർ വനംവകുപ്പ് ജീവനക്കാരെ തടയുകയും സ്ഥലത്തെത്തിയ എംഎൽഎമാർക്കെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തു. അതേസമയം, രാഹുൽ ഗാന്ധി എം പി രാവിലെ വയനാട്ടിലെത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ സന്ദർശിച്ചു. അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. പോളിന്റെ വീട്ടിലേക്കും രാഹുൽ എത്തും. തുടർന്ന് ഒരു മാസം മുൻപ് കടുവയുടെ ആക്രമണത്തിൽ മരിച്ച വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും സന്ദർശിക്കും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും.