Kerala News

കളിയിക്കാവിള കൊലപാതകം; പ്രതികളെകുറിച്ച് നിര്‍ണായക വിവരം

തിരുവനന്തപുരം: കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ ദുരൂഹതയൊഴിയുന്നില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചാണ് അന്വേഷണം. ദീപുവിന്റെ ബിസിനസ് സുഹൃത്തുക്കളെയും ജീവനക്കാരെയും തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളെക്കുറിച്ച് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

പ്രതി എന്ന് സംശയിക്കുന്നവരുടെ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ച തമിഴ്‌നാട് പൊലീസ്, അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട ദീപു സോമന്റെ ഫോണിലെ കാള്‍ ലിസ്റ്റും അന്വേഷണ സംഘം പരിശോധിച്ചു. യാത്രയില്‍ കൂടെയുണ്ടാകുമെന്ന് ദീപു പറഞ്ഞിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ദീപുവിനെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കാവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ദീപുവിന്റെ മൃതദേഹം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Related Posts

Leave a Reply